2009, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

വഴിയോരകാഴ്ചകള്‍....


പതിവു പോലെ ഓഫീസിലേക്ക് ഇറങ്ങിയതായിരുന്നു ഞാന്‍.. പകല്‍ മുഴുവനും ഉറങ്ങിയിട്ടും തീരാത്ത ഉറക്കം കണ്ണുകളില്‍ ബാക്കി നില്‍ക്കുമ്പോള്‍ വെള്ളിയാഴ്ച വൈകുന്നേരം ഓഫീസിലേക്ക് പോകുന്നതിന്റെ എല്ലാ ദേഷ്യവും കൂടി മനസ്സില്‍ ബാക്കി ഉണ്ടായിരുന്നു..വണ്ടി കാത്തു നില്‍ക്കുമ്പോള്‍ കണ്ണുകള്‍ റോഡിന്റെ അപ്പുറത്ത് വശത്തേക്ക്‌ പോയി.. അവിടെ കണ്ട കാഴ്ച ഉള്ള സന്തോഷങ്ങളും കൂടി ഇല്ലാതാക്കുന്നതയിരുന്നു..ചപ്പു ചവറുകളും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും മറ്റും കൂട്ടിയിട്ടിരികുന്നതിന്റെ ഇടയില്‍ നിന്നും തനിക്ക് കഴിക്കാന്‍ എന്തെങ്കിലും കിട്ടുമോ എന്നറിയാന്‍ ആകാംക്ഷയോടെ പരതുന്ന ഒരു കുഞ്ഞ് ... ആറോ ഏഴോ വയസു ഉണ്ടാവും... അതിന്റെ കുഞ്ഞ് മുഖത്തെ ദൈന്യത എന്നെ തകര്‍ത്തു കളഞ്ഞു... ആര്‍ത്തിയോടെ ആ കുഞ്ഞ് ആഹാരത്തിനായി പരതുമ്പോള്‍ പലപ്പോഴും പാഴക്കികളയുന്ന ഭക്ഷണത്തെ കുറിച്ചു ഓര്‍ത്തു എന്റെ കണ്ണുകള്‍ നിറഞ്ഞു... റോഡ് മുറിച്ചു കടന്നു ആ കുഞ്ഞിന്റെ കയ്യിലേക്ക് ഒരു പത്തു രൂപ വച്ചു കൊടുക്കാം എന്ന് കരുതിയപ്പോഴേക്കും എന്റെ വണ്ടി വന്നു... കാറിലേക്ക് കയറും മുന്‍പേ ഞാന്‍ ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി... അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും എന്തോ കണ്ടെത്തി അതിന്റെ സന്തോഷത്തില്‍ അവന്‍ നടന്നു കഴിഞ്ഞിരുന്നു..

വണ്ടി മുന്നോട്ടു പോകുമ്പോള്‍ വല്ലാത്ത ഒരു മൂകത എന്നെ പൊതിഞ്ഞിരുന്നു... യാത്രകള്‍ , അവ എത്ര ചെറുതായിരുന്നാലും ഞാന്‍ ആസ്വദിക്കാറുണ്ട്... പുറത്തെ കാഴ്ചകളില്‍ പുതിയത് എന്തെങ്കിലും കണ്ടു പിടിക്കാനുള്ള ശ്രമമാവും എപ്പോഴും...അത് എന്നുമുള്ള ഓഫീസ് യാത്ര ആണെങ്കില്‍ കൂടി... പക്ഷെ അന്ന് അതിനുള്ള ഒരു മാനസികാവസ്ഥ ഉണ്ടായിരുന്നില്ല എനിക്ക്.. ആ കുഞ്ഞ് മുഖത്തെ വിശപ്പിന്റെ ദൈന്യത എന്നെ പിന്തുടര്‍ന്ന് കൊണ്ടേയിരുന്നു...

വഴിയിലെവിടെയോ ട്രാഫിക് ബ്ലോക്കില്‍ പെട്ട് വണ്ടി നിന്നപ്പോള്‍ ഞാന്‍ പുറത്തേക്ക് നോക്കി.. ഒരു പെട്ടി കടക്കു സമീപം നിന്നു ബജ്ജി കഴിക്കുന്ന രണ്ടു മൂന്ന് അപ്പൂപ്പന്മാര്‍... ഒരാളോടു പുറകോട്ടു നോക്കാന്‍ പറഞ്ഞിട്ട് അയാളുടെ പാത്രത്തില്‍ നിന്നും ബജ്ജി മറ്റു രണ്ടു പേരും കൂടി അടിച്ച് മാറ്റി... ആദ്യത്തെയാള്‍ നോക്കിയപ്പോഴേക്കും എല്ലാം തീര്‍ന്നു കഴിഞ്ഞിരുന്നു.. അവരുടെ മുഖത്തെ കുസൃതി എന്റെ മുഖത്ത് ചിരിയെ തിരിച്ചു കൊണ്ടുവന്നു... വണ്ടി മുന്നോട്ടു നീങ്ങിയപ്പോഴേക്കും ഞാന്‍ മെല്ലെ ചിരിക്കാന്‍ തുടങ്ങിയിരുന്നു...

ഓഫീസില്‍ എത്തി ഫ്ലോരിലേക്ക് നടക്കുമ്പോള്‍ ഞാന്‍ ഒരാളെ കണ്ടു... അവിടെയുള്ള ഒരു ചെറിയ കുളത്തിനടുത്ത് മുട്ട് കുത്തി ഇരിക്കുകയിരുന്നു അയാള്‍.. എന്ത് ചെയ്യുകയാണ് എന്ന ആകാംക്ഷയോടെ ഞാന്‍ നോക്കിയപ്പോള്‍ കണ്ടത് കുളത്തില്‍ വീണു പോയ ഒരു വണ്ടിനെ ഒരു വടി നീട്ടികൊടുത്തു രക്ഷിക്കുകയായിരുന്നു അയാള്‍.. വളരെ സൂക്ഷ്മതയോടെ അതിനെ എടുത്തു അയാള്‍ കരയില്‍ വച്ചു... എനിക്ക് അയാളോട് പറയണം എന്ന് തോന്നി... "dude, you are amazing..." ഞാന്‍ അയാളുടെ നേര്‍ക്ക്‌ തിരിഞ്ഞു.. അപ്പോഴേക്കും അയാള്‍ നടന്നു കഴിഞ്ഞിരുന്നു... എന്റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു എന്ന് തോന്നി... ഈ പ്രാവിശ്യം പക്ഷെ സന്തോഷം കൊണ്ടായിരുന്നു...

കാന്റീനില്‍ കൂടി നടക്കുമ്പോള്‍ ഞാന്‍ ഒരു കാഴ്ചയും കൂടി കണ്ടു.. ഒരു പിറന്നാള്‍ ആഘോഷം.. പിറന്നാള്‍ കുട്ടിയെ കേക്കില്‍ കുളിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ് കൂട്ടുകാര്‍.. മുടിയിലും കണ്ണിലും കൈയിലും ഒക്കെ കേക്ക് പുരണ്ടു അവള്‍ നിന്ന് ചിരിക്കുന്നു.. ചുറ്റും കൂടി നില്‍ക്കുന്നവര്‍ ഹാപ്പി ബര്ത്ഡേ പാടുമ്പോള്‍ എന്റെ പിറന്നാള്‍ ദിവസം ഓര്‍ക്കുകയിരുനു ഞാന്‍.. ആ ദിവസം എന്നെ എന്റെ കൂട്ടുകാര്‍ രണ്ടു തവണ കേകില്‍ കുളിപ്പിച്ചു..രാത്രി 12 മണിക്ക് ഓഫീസിലും രാവിലെ 5 മണിക്ക് റൂമിലും...

സീറ്റില്‍ ചെന്നിരുന്നപ്പോഴേക്കും എന്റെ മൂഡ്‌ തിരിച്ചു എത്തിയിരുന്നു... ആ കുഞ്ഞു മുഖത്തെ ദൈന്യത അപ്പോഴും എന്റെ ഓര്‍മകളില്‍ നിറഞ്ഞു നിന്നിരുന്നുവെങ്കിലും അതിനു ശേഷം കണ്ട ചില സന്തോഷത്തിന്റെ ചെറിയ നിമിഷങ്ങള്‍ എന്നെ വീണ്ടും ചിരിപ്പിച്ചു... ഒരുപാടു ചിരികളും കുറച്ചു കണ്ണുനീരും തന്നിട്ട് ഒരു യാത്ര കൂടി അങ്ങനെ ഓര്‍മകളിലേക്ക് മടങ്ങി......