2012, ഡിസംബർ 31, തിങ്കളാഴ്‌ച

കണ്ണീര്‍ചുവപ്പാര്‍ന്ന പുലരി ....

 
 
 
ശ്വാസം  മുട്ടുകയാണ് എനിക്ക്.. പറഞ്ഞു അറിയിക്കാന്‍ പറ്റാത്ത ഒരു സങ്കടം.. അത് കനലുകളായി ജ്വലിക്കുകയാണ് എന്റെ കണ്ണുകളില്‍... സൗമ്യ അവശേഷിപ്പിച്ചിട്ടു പോയ നീറ്റല്‍ ഉണങ്ങി തുടങ്ങും  മുന്‍പേ അതിനു മേലെ വീണ മുളക് വെള്ളം പോലെ ഇവള്‍.. ജ്യോതി.. ഒരു രാജ്യത്തിന്‍റെ മുഴുവന്‍ കണ്ണീരും ഏറ്റുവാങ്ങി വേദനകള്‍ ഇല്ലാത്ത ഒരു ലോകത്തേക്ക് അവള്‍ പോയി... നന്മയുള്ള എല്ലാ മനസുകളിലും തീ കോരിയിട്ടു കൊണ്ട്..
 
എന്താണ് സംഭവിച്ചത് നമ്മുടെ നാടിനു? സ്ത്രിയെ പൂജിക്കുന്നിടത് ദേവതകള്‍ വസിക്കുനുവെന്നു പറഞ്ഞു പഠിപ്പിച്ചു  വളര്‍ത്തിയ ഈ നാട്ടില്‍ ഇന്ന് എല്ലാ ദിവസവും കേള്‍ക്കുന്നത് സ്ത്രിയെ ചവിട്ടിയരയ്ക്കുന്ന വാര്‍ത്തകള്‍ മാത്രം... 
എന്തുകൊണ്ട്കഴിയുന്നില്ല നമ്മുക്ക് നമ്മുടെ അമ്മമാരെയും സഹോദരിമാരെയും 
കുഞ്ഞുങ്ങളെയും സംരക്ഷിക്കാന്‍ ?  സൗമ്യയുടെ ബലി നമ്മുടെ കണ്ണ് തുറപ്പിക്കും എന്ന് പ്രതീക്ഷിച്ചു.. പക്ഷെ അതിലും ഭീകരമായത് കേള്‍ക്കാന്‍ ആയിരുന്നു വിധി എന്ന് കരുതിയില്ല...
 
സഹജീവികളോട് ഇത്ര ക്രൂരത കാണിക്കുവാന്‍ എങ്ങനെ കഴിയുന്നു ഇവര്‍ക്ക്? സ്നേഹം  എന്നൊരു വികാരം ഇവരുടെ മനസ്സില്‍ ഉണ്ടാവില്ലേ? മറ്റൊരാള്‍ക്ക്‌ വേദനിക്കുന്നു എന്ന് അറിഞ്ഞുകൊണ്ട് ക്രൂരത ചെയ്യുവാന്‍ എങ്ങനെ കഴിയും? ഒരാളുടെ ജീവനും സ്വപ്നങ്ങളും തച്ചുടച്ചു കളയുമ്പോള്‍ എന്ത് സന്തോഷമാണ് ഇവര്‍ക്ക് കിട്ടുന്നത്? എനിക്ക് മനസിലാവുന്നില്ല.
 
അമ്മയും സഹോദരിയും ഭാര്യയും മകളായും ഒക്കെ ഒരു സ്വന്തനവും സ്നേഹവും തണലും നല്‍കി ജീവിതം മുഴുവനും നിറയുന്ന സ്ത്രി എന്ന ഭാഗ്യം  ഇല്ലാതാവണം പുരുഷന്മാര്‍ക്ക് ...അന്നെങ്കിലും മനസിലാവുമോ ഇവര്‍ക് തച്ചുടക്കപെടുന്ന പെന്മനസുകളുടെ വേദന?
 
എനിക്ക് അറിയാം പുരുഷന്മാര് മാത്രം അല്ല ഇതിനു ഉത്തരവാദികള്‍ എന്ന്.. സ്ത്രികളെ ബഹുമാനിക്കുകയും സംരക്ഷിക്കുയും ചെയ്യുന്നവന്‍ ആണ്  ശെരിക്കും മാന്യനായ പുരുഷന്‍ എന്ന് വിശ്വസിക്കുകയും അത് പോലെ തന്നെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു പാട് പേരെ എനിക്ക്നേരിട്ട്  അറിയാം.. പക്ഷെ അമ്മയും അച്ഛനും സഹോദരനും ഉള്പെടുന്ന അവളെ സംരക്ഷിക്കാം ഉത്തരവാദിതപെട്ടവര്‍ തന്നെ ‍ ഹിംസ മൃഗങ്ങളെ പോലെ ചുറ്റും നില്‍ക്കുമ്പോള്‍ , ഭൂമിയില്‍ ഏറ്റവും സുരക്ഷിതം എന്ന് നമ്മള്‍ കരുതുന്ന വീട് എന്ന അഭയം പോലും നഷ്ടപെടുന്ന പാവം പെണ്‍കുട്ടികള്‍ എന്ത് ചെയ്യും?
 
എവിടെത്തിരിഞ്ഞാലും ഇപ്പോള്‍ പ്രാര്‍ത്ഥനകള്‍ ആണ് ജ്യോതിക്ക് വേണ്ടി.. പക്ഷെ എന്തിനു? അതിനു ഉള്ള അവകാശം ഉണ്ടോ നമുക്ക്? സംരക്ഷിക്കാന്‍  കഴിയാഞ്ഞ നമുക്ക് അവളുടെ ആത്മശാന്തിക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ എന്ത് അര്‍ഹത ? സൗമ്യയുടെ കൊലയാളിയെ ഇപ്പോഴും സംരക്ഷിക്കുന്ന ,അവന്റെ ഭക്ഷണത്തിനും വസ്ത്രത്തിനും താമസത്തിനും വേണ്ടി നികുതി പണം കൊടുക്കുന്ന നമുക്ക് ജ്യോതിയുടെ കൊലയാളികളെ ശിക്ഷിക്കണം എന്ന് പറയാന്‍ എന്ത് അര്‍ഹതയാണ് ഉള്ളത്?
 
നിരര്‍ത്ഥമായി പോകുന്ന ഒരു നിലവിളിയും കണ്ണുനീരും മനസിനെ ചുട്ടു പോള്ളിക്കുമ്പോള്‍ ഈ പുതുവര്‍ഷപുലരിയില്‍  ശപിച്ചു പോകുകയാണ് ഞാനും ഈ നാടിനെ.. കണ്ണകിയെപോലെ ... കൈകളുയര്‍ത്തി ...ജ്വലിക്കുന്ന കണ്ണുകളുമായി...
" വെന്തു  വെണ്ണിരാവട്ടെ  എല്ലാം..ഭൂകമ്പങ്ങളും അഗ്നിപര്‍വതസ്ഫോടങ്ങളും  സമുദ്രക്ഷൊഭങ്ങളും  കൊണ്ട് വിറക്കട്ടെ ഈ ഭൂമി... സഹജീവിയോടു നന്മയും സ്നേഹവും കാണിക്കാന്‍ അറിയാത്ത ഈ 
ഇരുകാലിമൃഗങ്ങള്‍ ഇല്ലാതാവട്ടെ ഈ ഭൂമുഖത്ത് നിന്നും ...   " 
 
മാവേലി വാണ നാടിനെ കുറിച്ചുള്ള സ്വപനം ഇപ്പോഴും സൂക്ഷിക്കുന്ന ഒരു മനസിന്റെ വേദനയാണിത്‌.. ഹൃദയം തകര്ന്നുള്ള നിലവിളിയണിത്.. കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്കട്ടെ...