2011, ഒക്‌ടോബർ 22, ശനിയാഴ്‌ച

ഇന്ത്യന്‍ രുപ്പീ

രഞ്ജിത് ചിത്രമായത് കൊണ്ട് തന്നെ ഒരു പാട് പ്രതീക്ഷകളുമായി ആണ് ഇന്ത്യന്‍ രുപ്പീ കാണാന്‍ പോയത്..കയ്യൊപ്പ് , പ്രാഞ്ചിയെട്ടന്‍ തുടങ്ങിയ സിനിമകളുടെ ഉയര്‍ന്ന നിലവാരം തന്നെ ആയിരുന്നു കാരണം

രഞ്ജിത് സിനിമകളുടെ ഇപ്പോഴത്തെ ഒരു പ്രത്യേകത അവ ജീവിതത്തെ തൊടുന്നു എന്നതാണ്... ഇന്ത്യന്‍ രുപ്പീക്ക് ശേഷവും അത് തന്നെ ആണ് തോന്നിയത്.. പണവും പണത്തിനു പുറകെയുള്ള പാച്ചിലും ജീവിക്കാന്‍ വേണ്ടിയുള്ള അലച്ചിലും ഒക്കെ നന്നായി പറഞ്ഞിട്ടുണ്ട്...

നന്ദനവും വാസ്തവവും ഒരു പരിധി വരെ ക്ലാസ്സ്മറ്റെസും അല്ലാതെ പ്രിത്വിരാജിന്റെ മറ്റു സിനിമകളൊന്നും തന്നെ എനിക്ക് ഇഷ്ടമല്ല.. അഭിനയത്തിന് പകരം അഹങ്കാരം ആണ് മുഖത്ത് തെളിയുന്നത് എന്നാണ് എനിക്ക് തോന്നുക.. എന്റെ മാത്രം അഭിപ്രായം ആണിത്.. മറ്റുള്ളവര്‍ക്ക് അങ്ങനെ ആകണം എന്നില്ല.. ഈ സിനിമയിലും ആദ്യ പകുതിയില്‍ അങ്ങനെ തന്നെ ആണ്...എത്ര ശ്രെമിച്ചിട്ടും പ്രിത്വിയുടെ മുഖത്ത് തെളിഞ്ഞു വരുനുണ്ട് അടക്കി വയ്ക്കാന്‍ കഴിയാത്ത അഹങ്കാരം.. അത് കൊണ്ട് തന്നെ നായകനായ ജയപ്രകാശിനെക്കാള്‍ നടന്‍ പ്രിത്വിരാജ് തന്നെയാണ് നിറഞ്ഞു നില്‍ക്കുന്നത്.. പക്ഷെ രണ്ടാം പകുതിയില്‍ ജയപ്രകശായി മാറാന്‍ പ്രിത്വിക്കു കഴിയുന്നുണ്ട്...


തിലകന്റെയും ജഗതിയുടെയും പ്രകടനം വാക്കുകള്‍ക്കു അപ്പുറമാണ്.. മേനോന്റെ റോള്‍ തിലകന്‍ അല്ലാതെ മറ്റാര്‍ക്കും ഇത്ര ഭംഗിയായി ചെയ്യാന്‍ കഴിയും എന്ന് തോന്നുന്നില്ല.. വളരെ ശ്രേദ്ധേയമായ മറ്റൊരു കാര്യം കയ്യോപ്പിലും പ്രാഞ്ചിയേട്ടനിലും ഒക്കെ ഉള്ള നായികാ പ്രാധാന്യം ഇന്ത്യന്‍ രുപ്പീയില്‍ ഇല്ല എന്നുള്ളതാണ്.. നായികക്ക് പ്രാധാന്യം ഇല്ല എന്ന് മാത്രം അല്ല റീമ ആ  കഥാപാത്രത്തിന് ഒട്ടും യോജിക്കുന്നും   ഇല്ല എന്നുള്ളതാണ് സത്യം ...

കഥ പറയാനുള്ള രഞ്ജിത്തിന്റെ കഴിവ് നന്നായി  കാണാനുണ്ട് സിനിമയില്‍..  മനസിനെ തൊടാന്‍ കഴിഞ്ഞ കുറെ മുഹൂര്‍ത്തങ്ങള്‍ അതിന്റെ എല്ലാ തീവ്രതയോടും കൂടിത്തന്നെ അവതരിപ്പിച്ചിട്ടുണ്ട്.. പ്രത്യേകിച്ചും തിലകന്റെ ഭാര്യയും മക്കളും മരിക്കുന്ന രംഗം..

പ്രാഞ്ചിയെട്ടന്റെയും കയ്യൊപ്പിന്റെയും നിലവാരത്തിലേക്ക് എത്തുന്നിലെങ്കിലും ഇന്ത്യന്‍ രുപ്പീ ഒരു നല്ല സിനിമയാണ്..ആദ്യത്തെ രണ്ടെണ്ണവും തീര്‍ച്ചയായും കാണേണ്ട ക്ലാസ്സിക്‌ സിനിമകള്‍ ആണെങ്കില്‍ മൂന്നാമത്തേത് പ്രേക്ഷകനെ നിരാശാപെടുത്താത്ത സിനിമയാണ്. ആദ്യത്തെ രണ്ടെണ്ണവും കണ്ടു മനസ്സില്‍ സൂക്ഷിക്കാവുന്ന സിനിമയാണെങ്കില്‍ ഇന്ത്യന്‍ രുപ്പീ കാഴ്ചക്കാരെ കുറച്ചു നേരത്തേക്ക് എങ്കിലും ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന സിനിമയാണ്..

2011, ഏപ്രിൽ 15, വെള്ളിയാഴ്‌ച

വിഷുപക്ഷികള്‍ പാടുമ്പോള്‍...
വീണ്ടുമൊരു വിഷുപുലരി കൂടി.. വിഷുപക്ഷികളുടെ പാട്ടും കണികൊന്നയുടെ മാസ്മരികതയും നിറഞ്ഞു നില്‍ക്കുന്ന പൊന്‍പുലരി.. ഐശ്വര്യത്തിന്റെയും നന്മയുടെയും കൈനീട്ടവുമായി വന്നെത്തുന്ന വിഷു...

കണികാണാന്‍ അടുത്തുള്ള അമ്പലത്തില്‍ പോയപ്പോള്‍ ഓര്‍മയിലേക്ക് വന്നത് കുട്ടികാലത്തെ വിഷുവാണ്.. അവധിക്കാലമായത് കൊണ്ട് അപ്പചിയുടെയും അമ്മാവന്റെയും വലിയമ്മയുടെയും ചെറിയച്ചന്റെയും ഒക്കെ കുട്ടികള്‍ ഉണ്ടാവും വീട്ടില്‍... എല്ലാവരും ഉറങ്ങിയശേഷമാവും അമ്മ കണിയോരുക്കുക...


രാവിലെ ഉണര്‍ന്നു കണി കാണുന്നത് സ്വപ്നം കണ്ടുള്ള ഉറക്കം... കൈനീട്ടത്തെ കുറിച്ചാവും കൂടുതല്‍ സ്വപ്നം കാണുക.. പിന്നെ നോക്കുന്നത് ആര്‍ക്കു ആണ് കൂടുതല്‍ കൈനീട്ടം കിട്ടിയത് എന്നാണ്.. പിന്നെ വിഷുഅട ..സദ്യ ഒക്കെയായി ഒരു മേളമായിരിക്കും ... കുട്ടിക്കാലം എന്ത് രസമായിരുന്നു അല്ലെ? ഇപ്പോള്‍ ഇവിടെ കണി ഒരുക്കുന്നത് പോയിട്ട് കണി കാണാന്‍ ഇത്തിരി കൊന്നപൂവ് കിട്ടാന്‍ പോലും ഇല്ല.. കൈനീട്ടമായി കിട്ടിയിരുന്ന ഒറ്റനാണയങ്ങളുടെ വില ഇപ്പോള്‍ അറിയാം..

കാലം മാറുമ്പോള്‍ കോലവും മാറും...വിഷുവും കൊന്നപ്പൂക്കളും കൈനീട്ടവും ഒക്കെ ഗൃഹാതുരത്വത്തിന്റെ ഭാഗമായി മാറിയേക്കും കുറച്ചു നാളുകള്‍ കഴിയുമ്പോള്‍... എങ്കിലും പ്രാര്‍ത്ഥിക്കാം ..ആശംസിക്കാം...

" ഏതു ധൂസര സങ്കല്‍പ്പത്തില്‍ ജനിച്ചാലും
ഏതു യന്ത്രവല്‍കൃത നാട്ടില്‍ പുലര്‍ന്നാലും
മനസ്സില്‍ ഉണ്ടാവട്ടേ ഗ്രാമത്തിന്‍ മണവും മമതയും
ഇത്തിരി കൊന്നപ്പൂവും.. (വൈലോപ്പിള്ളി)

എല്ലാവര്ക്കും ഐശ്വര്യത്തിന്റെയും നന്മയുടെയും വിഷു ആശംസകള്‍..

2011, മാർച്ച് 26, ശനിയാഴ്‌ച

വേനല്‍മഴ...
പുറത്തു മഴ പെയ്തു തോരുകയായിരുന്നു...വേനല്‍ മഴ...ചുട്ടു പൊള്ളുന്ന വേനലില്‍ തളര്‍ന്ന ഭൂമിക്കു ആശ്വാസമായി പെയ്തിറങ്ങിയ മഴ... ജനലിനു അരികില്‍ നിന്ന് ആ മഴ നോക്കി നില്ക്കുകയിരുന്നു ഞാന്‍ ...ജനല്ചില്ലിലേക്ക് പാറി വീണ ഒരു മഴതുള്ളി കടലാസ്സില്‍ വീണ മഷിത്തുള്ളി പടര്‍ന്നു ഒഴുകും പോലെ ഒഴുകി ഇറങ്ങി.. എന്റെ മനസ്സില്‍ ഓര്‍മകളും ...


വേനല്‍ മഴ പോലെ പെയ്തൊഴിഞ്ഞ ചില സൌഹൃദങ്ങള്‍ ... മഴയ്ക്ക് ശേഷം തെളിയുന്ന മാരിവില്ലിന്റെ മനോഹരിതയോടെ ജീവിതത്തില്‍ നിറഞ്ഞു നിന്നിട്ട് ഒരു നിമിഷാര്‍ധം കൊണ്ട് ഇല്ലാതായി പോയ ബന്ധങ്ങള്‍ .. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ സ്വപ്നമായിരുന്നോ എന്ന് സംശയം.. അതോ കഴിഞ്ഞ ജന്മത്തിലെവിടെയോ നടന്നതോ?? അറിയില്ല..


വേനല്‍ മഴകള്‍ എപ്പോഴും പ്രതീക്ഷകളെ തെറ്റിച്ചാണ് കടന്നു വരിക.. സ്വാന്തനത്തിന്റെ തണുപ്പ് തന്നിട്ട് നമ്മെ എത്തിക്കുക ഒരു മരുപ്പച്ചയിലേക്ക് ആയിരിക്കും.. കണ്ണടച്ചു തുറക്കും മുന്‍പേ ഇല്ലാതാവുന്ന മായകാഴ്ചയിലേക്ക്.. യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചു എത്തും മുന്‍പേ തന്നെ പൊലിഞ്ഞു പോയിട്ടുണ്ടാവും ആ സ്വാന്തനം ...


എന്നാലും എനിക്ക് ഇഷ്ടമാണ് ഈ മഴയെ... ചുട്ടുപൊള്ളുന്ന ഓര്‍മകള്‍ക്ക് മീതെ ഒരു നിമിഷത്തേക്ക് എങ്കിലും സ്വാന്തനത്തിന്റെ കുളിര്‍മയേകുന്ന ഈ വേനല്‍ മഴയെ..

2011, ഫെബ്രുവരി 6, ഞായറാഴ്‌ച

ഒരു കണ്ണീര്‍ തുള്ളിയായി നീ പെയ്തൊഴിയുമ്പോള്‍...

ഒരു കണ്ണീര്‍ തുള്ളിയായി നീ പെയ്തൊഴിയുമ്പോള്‍...
സൗമ്യ .. നിന്നോട് പറയാന്‍ എനിക്ക് വാക്കുകളില്ല..
മരവിച്ചു പോയ മനസാക്ഷി പ്രതികരിക്കാന്‍ കഴിയാതെ
നിനക്ക് മുന്‍പില്‍ കൈകള്‍ കൂപ്പി അപേക്ഷിക്കുന്നു
കഴിയുമെങ്കില്‍ വിധിയെ ശപിക്കാതിരിക്കുക..
ഇവിടെ, ഈ ഭ്രാന്താലയത്തില്‍ ജനിപ്പിച്ചതിനു...
അതിക്രൂരമായ ശിക്ഷ തന്നു നിന്റെ
സ്വപനങ്ങളെ തല്ലി തകര്തത്തിനു....
ഒരു പുല്കൊടിയുടെ വില പോലും തരാതെ
നിന്നെ വേദന പൊടിയുന്ന ഒരു ഓര്‍മ മാത്രമാക്കിയതിനു...

നേരുന്നു നിന്റെ ആത്മാവിനു ശാന്തി..
വേദനകളും കണ്ണീരും അപമാനവും ഒന്നും ഇല്ലാത്ത
ഒരു ലോകത്തില്‍ നീ ജീവിക്കുക...
ഇനിയും വരാനിരിക്കുന്ന നീറുന്ന നൊമ്പരങ്ങള്‍ക്കായി
നിന്റെ സഹോദരിമാര്‍ ഇവിടെ ഇനിയും ബാക്കി...