2009, മേയ് 6, ബുധനാഴ്‌ച

ജീവിതത്തിന്റെ കയ്യൊപ്പ് .....


ഒറ്റപെടലിന്റെ ഏതോ ഒരു നിമിഷത്തില്‍ "കയ്യൊപ്പ്" വീണ്ടുമൊരിക്കല്‍ കൂടി കാണുകയായിരുന്നു ഞാന്‍.. എത്രാമത്തെ തവണ എന്ന് അറിയില്ല...എവിടെയൊക്കെയോ തറഞ്ഞു കയറുന്ന വേദനകളും അതിനും അപ്പുറത്തെവിടെയോ തോന്നുന്ന നിഗൂഢമായ സന്തോഷവും എത്രയോ നാളുകള്‍ക്കു ശേഷം എന്നെ എഴുതുവാന്‍ പ്രേരിപ്പിച്ചു...

ഒരു സാധാരണക്കാരനായി മാത്രം ജീവിക്കാന്‍ ഇഷ്ടപെടുന്ന ബാലചന്ദ്രന്റെ ജീവിതം വളരെ മനോഹരമായി കാണിച്ചിരിക്കുന്നു സംവിധായകന്‍...അതിലേറെ മനസ് ഉടക്കിയത് പദ്മയുടെ വിവാഹബന്ധം ഇല്ലാതാവുന്നിടതാണ്..... എത്ര എളുപ്പമാണ് ബന്ധങ്ങള്‍ ഇല്ലാതാവുന്നത്...വേര്‍പിരിയലുകള്‍ മരണതുല്യമാണ് എന്ന് തോന്നുന്നു എനിക്ക് ... ഉപേക്ഷിച്ചു പോകുന്നവര്‍ക്ക് ഒരിക്കലും ഉപേക്ഷിക്കപെടുന്നവരുടെ വേദന മനസിലാക്കാന്‍ കഴിയില്ല... പിന്നെ വേര്‍പിരിയലുകള്‍ ഒരു അര്‍ത്ഥത്തില്‍ നല്ലതാണ്... ബന്ധങ്ങള്‍ ബന്ധനങ്ങളാകുന്ന ദുരവസ്ഥ ഒഴിവാക്കാം... ആര്‍ക്കും ശല്യമാകതിരിക്കാന്‍ കഴിയുക എന്നതും ഒരു ഭാഗ്യം തന്നെ ആണ്...അത് നമ്മള്‍ എത്ര സ്നേഹിച്ചവര്‍ ആയിരുന്നാലും ശരി...ചിലപ്പോഴെങ്കിലും വേര്‍പിരിയലുകള്‍ അനിവാര്യമാകുന്നു ജീവിതത്തില്‍....

തീവ്രവാദം എത്രയെത്ര ജീവിതങ്ങളെ മാത്രമല്ല അതിലേറെ സ്വപ്നങ്ങളെ കൂടി ഇല്ലാതാക്കുന്നു... ബാലനെ കാത്തിരിക്കുന്ന കുറെയേറെ മനസുകളുടെ വേദനകള്‍ക്ക് പകരമാവാന്‍ തീവ്രവാദത്തിന്റെ ഒരു കാരണത്തിനും കഴിയില്ല....എത്രയോ വര്‍ഷങ്ങളുടെ നിശബ്ദ പ്രണയത്തിനും ഒരു പാവം പെണ്‍കുട്ടിയുടെ ജീവിക്കാനുള്ള മോഹങ്ങള്‍ക്കും പുസ്തകങ്ങളെ ഒരു പാടു പ്രണയിച്ച ഒരു പ്രസാധകന്റെ ആകംക്ഷക്കും ഒന്നും പകരം നില്ക്കാന്‍ മനുഷ്യ ജീവന് വില മതിക്കാത്ത ചെകുത്തന്മാര്‍ക്കോ അവരുടെ നീചമായ ചിന്തകള്‍ക്കോ കഴിയില്ല...ജീവന്‍ ചില്ല് പത്രംപോലെ ഉടഞ്ഞു ചിതറുമ്പോള്‍ ഒരായിരം പ്രതീക്ഷകളുടെ ഭാരവുമേന്തി വന്ന ആ പാവം എഴുത്തുകാരന്റെ മനസ്സില്‍ എന്തയിരുന്നിരിക്കാം? അയാളോടൊപ്പം ചിതറി ഇല്ലാതായ മറ്റു കുറെ പാവം ജന്മങ്ങളും ചിന്തിച്ചത്‌ എന്തായിരുന്നിരിക്കാം?

ഒരുപാടു നാളുകള്‍ക്ക് ശേഷം മനസ്സില്‍ തൊട്ട ഒരു നല്ല സിനിമ.. മനുഷ്യ ബന്ധങ്ങളുടെ ആഴവും പരപ്പും ഇപ്പോഴും ചിലരുടെയെങ്കിലും മനസില്‍ വറ്റാതെ അവശേഷിക്കുന്ന മനുഷ്യത്വം എന്ന ദൈവീക ഭാവത്തിന്റെ മാസ്മരികതയും നന്നായി വരച്ചു കാണിച്ചിരിക്കുന്നു.. അപൂര്‍ണമായി അവശേഷിപ്പിച്ചിട്ടു പോകുന്ന സ്വപ്‌നങ്ങള്‍ പൂര്‍ത്തികരിക്കാനായി ഇനി ഒരവസരം കൂടി തരുമോ ഈശ്വരന്‍?