
പുറത്തു മഴ പെയ്തു തോരുകയായിരുന്നു...വേനല്‍ മഴ...ചുട്ടു പൊള്ളുന്ന വേനലില്‍ തളര്‍ന്ന ഭൂമിക്കു ആശ്വാസമായി പെയ്തിറങ്ങിയ മഴ... ജനലിനു അരികില്‍ നിന്ന് ആ മഴ നോക്കി നില്ക്കുകയിരുന്നു ഞാന്‍ ...ജനല്ചില്ലിലേക്ക് പാറി വീണ ഒരു മഴതുള്ളി കടലാസ്സില്‍ വീണ മഷിത്തുള്ളി പടര്‍ന്നു ഒഴുകും പോലെ ഒഴുകി ഇറങ്ങി.. എന്റെ മനസ്സില്‍ ഓര്‍മകളും ...
വേനല്‍ മഴ പോലെ പെയ്തൊഴിഞ്ഞ ചില സൌഹൃദങ്ങള്‍ ... മഴയ്ക്ക് ശേഷം തെളിയുന്ന മാരിവില്ലിന്റെ മനോഹരിതയോടെ ജീവിതത്തില്‍ നിറഞ്ഞു നിന്നിട്ട് ഒരു നിമിഷാര്‍ധം കൊണ്ട് ഇല്ലാതായി പോയ ബന്ധങ്ങള്‍ .. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ സ്വപ്നമായിരുന്നോ എന്ന് സംശയം.. അതോ കഴിഞ്ഞ ജന്മത്തിലെവിടെയോ നടന്നതോ?? അറിയില്ല..
വേനല്‍ മഴകള്‍ എപ്പോഴും പ്രതീക്ഷകളെ തെറ്റിച്ചാണ് കടന്നു വരിക.. സ്വാന്തനത്തിന്റെ തണുപ്പ് തന്നിട്ട് നമ്മെ എത്തിക്കുക ഒരു മരുപ്പച്ചയിലേക്ക് ആയിരിക്കും.. കണ്ണടച്ചു തുറക്കും മുന്‍പേ ഇല്ലാതാവുന്ന മായകാഴ്ചയിലേക്ക്.. യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചു എത്തും മുന്‍പേ തന്നെ പൊലിഞ്ഞു പോയിട്ടുണ്ടാവും ആ സ്വാന്തനം ...
എന്നാലും എനിക്ക് ഇഷ്ടമാണ് ഈ മഴയെ... ചുട്ടുപൊള്ളുന്ന ഓര്‍മകള്‍ക്ക് മീതെ ഒരു നിമിഷത്തേക്ക് എങ്കിലും സ്വാന്തനത്തിന്റെ കുളിര്മയേകുന്ന ഈ വേനല്‍ മഴയെ..