2012 ഡിസംബർ 31, തിങ്കളാഴ്‌ച
കണ്ണീര്‍ചുവപ്പാര്‍ന്ന പുലരി ....
2011 ഒക്‌ടോബർ 22, ശനിയാഴ്‌ച
ഇന്ത്യന്‍ രുപ്പീ
രഞ്ജിത് സിനിമകളുടെ ഇപ്പോഴത്തെ ഒരു പ്രത്യേകത അവ ജീവിതത്തെ തൊടുന്നു എന്നതാണ്... ഇന്ത്യന്‍ രുപ്പീക്ക് ശേഷവും അത് തന്നെ ആണ് തോന്നിയത്.. പണവും പണത്തിനു പുറകെയുള്ള പാച്ചിലും ജീവിക്കാന്‍ വേണ്ടിയുള്ള അലച്ചിലും ഒക്കെ നന്നായി പറഞ്ഞിട്ടുണ്ട്...
നന്ദനവും വാസ്തവവും ഒരു പരിധി വരെ ക്ലാസ്സ്മറ്റെസും അല്ലാതെ പ്രിത്വിരാജിന്റെ മറ്റു സിനിമകളൊന്നും തന്നെ എനിക്ക് ഇഷ്ടമല്ല.. അഭിനയത്തിന് പകരം അഹങ്കാരം ആണ് മുഖത്ത് തെളിയുന്നത് എന്നാണ് എനിക്ക് തോന്നുക.. എന്റെ മാത്രം അഭിപ്രായം ആണിത്.. മറ്റുള്ളവര്‍ക്ക് അങ്ങനെ ആകണം എന്നില്ല.. ഈ സിനിമയിലും ആദ്യ പകുതിയില്‍ അങ്ങനെ തന്നെ ആണ്...എത്ര ശ്രെമിച്ചിട്ടും പ്രിത്വിയുടെ മുഖത്ത് തെളിഞ്ഞു വരുനുണ്ട് അടക്കി വയ്ക്കാന്‍ കഴിയാത്ത അഹങ്കാരം.. അത് കൊണ്ട് തന്നെ നായകനായ ജയപ്രകാശിനെക്കാള്‍ നടന്‍ പ്രിത്വിരാജ് തന്നെയാണ് നിറഞ്ഞു നില്‍ക്കുന്നത്.. പക്ഷെ രണ്ടാം പകുതിയില്‍ ജയപ്രകശായി മാറാന്‍ പ്രിത്വിക്കു കഴിയുന്നുണ്ട്...
തിലകന്റെയും ജഗതിയുടെയും പ്രകടനം വാക്കുകള്‍ക്കു അപ്പുറമാണ്.. മേനോന്റെ റോള്‍ തിലകന്‍ അല്ലാതെ മറ്റാര്‍ക്കും ഇത്ര ഭംഗിയായി ചെയ്യാന്‍ കഴിയും എന്ന് തോന്നുന്നില്ല.. വളരെ ശ്രേദ്ധേയമായ മറ്റൊരു കാര്യം കയ്യോപ്പിലും പ്രാഞ്ചിയേട്ടനിലും ഒക്കെ ഉള്ള നായികാ പ്രാധാന്യം ഇന്ത്യന്‍ രുപ്പീയില്‍ ഇല്ല എന്നുള്ളതാണ്.. നായികക്ക് പ്രാധാന്യം ഇല്ല എന്ന് മാത്രം അല്ല റീമ ആ കഥാപാത്രത്തിന് ഒട്ടും യോജിക്കുന്നും ഇല്ല എന്നുള്ളതാണ് സത്യം ...
കഥ പറയാനുള്ള രഞ്ജിത്തിന്റെ കഴിവ് നന്നായി കാണാനുണ്ട് സിനിമയില്‍.. മനസിനെ തൊടാന്‍ കഴിഞ്ഞ കുറെ മുഹൂര്‍ത്തങ്ങള്‍ അതിന്റെ എല്ലാ തീവ്രതയോടും കൂടിത്തന്നെ അവതരിപ്പിച്ചിട്ടുണ്ട്.. പ്രത്യേകിച്ചും തിലകന്റെ ഭാര്യയും മക്കളും മരിക്കുന്ന രംഗം..
2011 ഏപ്രിൽ 15, വെള്ളിയാഴ്‌ച
വിഷുപക്ഷികള്‍ പാടുമ്പോള്‍...

വീണ്ടുമൊരു വിഷുപുലരി കൂടി.. വിഷുപക്ഷികളുടെ പാട്ടും കണികൊന്നയുടെ മാസ്മരികതയും നിറഞ്ഞു നില്‍ക്കുന്ന പൊന്‍പുലരി.. ഐശ്വര്യത്തിന്റെയും നന്മയുടെയും കൈനീട്ടവുമായി വന്നെത്തുന്ന വിഷു...
കണികാണാന്‍ അടുത്തുള്ള അമ്പലത്തില്‍ പോയപ്പോള്‍ ഓര്‍മയിലേക്ക് വന്നത് കുട്ടികാലത്തെ വിഷുവാണ്.. അവധിക്കാലമായത് കൊണ്ട് അപ്പചിയുടെയും അമ്മാവന്റെയും വലിയമ്മയുടെയും ചെറിയച്ചന്റെയും ഒക്കെ കുട്ടികള്‍ ഉണ്ടാവും വീട്ടില്‍... എല്ലാവരും ഉറങ്ങിയശേഷമാവും അമ്മ കണിയോരുക്കുക...
രാവിലെ ഉണര്‍ന്നു കണി കാണുന്നത് സ്വപ്നം കണ്ടുള്ള ഉറക്കം... കൈനീട്ടത്തെ കുറിച്ചാവും കൂടുതല്‍ സ്വപ്നം കാണുക.. പിന്നെ നോക്കുന്നത് ആര്‍ക്കു ആണ് കൂടുതല്‍ കൈനീട്ടം കിട്ടിയത് എന്നാണ്.. പിന്നെ വിഷുഅട ..സദ്യ ഒക്കെയായി ഒരു മേളമായിരിക്കും ... കുട്ടിക്കാലം എന്ത് രസമായിരുന്നു അല്ലെ? ഇപ്പോള്‍ ഇവിടെ കണി ഒരുക്കുന്നത് പോയിട്ട് കണി കാണാന്‍ ഇത്തിരി കൊന്നപൂവ് കിട്ടാന്‍ പോലും ഇല്ല.. കൈനീട്ടമായി കിട്ടിയിരുന്ന ഒറ്റനാണയങ്ങളുടെ വില ഇപ്പോള്‍ അറിയാം..
കാലം മാറുമ്പോള്‍ കോലവും മാറും...വിഷുവും കൊന്നപ്പൂക്കളും കൈനീട്ടവും ഒക്കെ ഗൃഹാതുരത്വത്തിന്റെ ഭാഗമായി മാറിയേക്കും കുറച്ചു നാളുകള്‍ കഴിയുമ്പോള്‍... എങ്കിലും പ്രാര്‍ത്ഥിക്കാം ..ആശംസിക്കാം...
" ഏതു ധൂസര സങ്കല്‍പ്പത്തില്‍ ജനിച്ചാലും
ഏതു യന്ത്രവല്‍കൃത നാട്ടില്‍ പുലര്‍ന്നാലും
മനസ്സില്‍ ഉണ്ടാവട്ടേ ഗ്രാമത്തിന്‍ മണവും മമതയും
ഇത്തിരി കൊന്നപ്പൂവും.. (വൈലോപ്പിള്ളി)
എല്ലാവര്ക്കും ഐശ്വര്യത്തിന്റെയും നന്മയുടെയും വിഷു ആശംസകള്‍..
2011 മാർച്ച് 26, ശനിയാഴ്‌ച
വേനല്‍മഴ...
2011 ഫെബ്രുവരി 6, ഞായറാഴ്‌ച
ഒരു കണ്ണീര്‍ തുള്ളിയായി നീ പെയ്തൊഴിയുമ്പോള്‍...
സൗമ്യ .. നിന്നോട് പറയാന്‍ എനിക്ക് വാക്കുകളില്ല..
മരവിച്ചു പോയ മനസാക്ഷി പ്രതികരിക്കാന്‍ കഴിയാതെ
നിനക്ക് മുന്‍പില്‍ കൈകള്‍ കൂപ്പി അപേക്ഷിക്കുന്നു
കഴിയുമെങ്കില്‍ വിധിയെ ശപിക്കാതിരിക്കുക..
ഇവിടെ, ഈ ഭ്രാന്താലയത്തില്‍ ജനിപ്പിച്ചതിനു...
അതിക്രൂരമായ ശിക്ഷ തന്നു നിന്റെ
സ്വപനങ്ങളെ തല്ലി തകര്തത്തിനു....
ഒരു പുല്കൊടിയുടെ വില പോലും തരാതെ
നിന്നെ വേദന പൊടിയുന്ന ഒരു ഓര്‍മ മാത്രമാക്കിയതിനു...
നേരുന്നു നിന്റെ ആത്മാവിനു ശാന്തി..
വേദനകളും കണ്ണീരും അപമാനവും ഒന്നും ഇല്ലാത്ത
ഒരു ലോകത്തില്‍ നീ ജീവിക്കുക...
ഇനിയും വരാനിരിക്കുന്ന നീറുന്ന നൊമ്പരങ്ങള്‍ക്കായി
നിന്റെ സഹോദരിമാര്‍ ഇവിടെ ഇനിയും ബാക്കി...
2009 ഒക്‌ടോബർ 26, തിങ്കളാഴ്‌ച
വഴിയോരകാഴ്ചകള്‍....
പതിവു പോലെ ഓഫീസിലേക്ക് ഇറങ്ങിയതായിരുന്നു ഞാന്‍.. പകല്‍ മുഴുവനും ഉറങ്ങിയിട്ടും തീരാത്ത ഉറക്കം കണ്ണുകളില്‍ ബാക്കി നില്‍ക്കുമ്പോള്‍ വെള്ളിയാഴ്ച വൈകുന്നേരം ഓഫീസിലേക്ക് പോകുന്നതിന്റെ എല്ലാ ദേഷ്യവും കൂടി മനസ്സില്‍ ബാക്കി ഉണ്ടായിരുന്നു..വണ്ടി കാത്തു നില്‍ക്കുമ്പോള്‍ കണ്ണുകള്‍ റോഡിന്റെ അപ്പുറത്ത് വശത്തേക്ക് പോയി.. അവിടെ കണ്ട കാഴ്ച ഉള്ള സന്തോഷങ്ങളും കൂടി ഇല്ലാതാക്കുന്നതയിരുന്നു..ചപ്പു ചവറുകളും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും മറ്റും കൂട്ടിയിട്ടിരികുന്നതിന്റെ ഇടയില്‍ നിന്നും തനിക്ക് കഴിക്കാന്‍ എന്തെങ്കിലും കിട്ടുമോ എന്നറിയാന്‍ ആകാംക്ഷയോടെ പരതുന്ന ഒരു കുഞ്ഞ് ... ആറോ ഏഴോ വയസു ഉണ്ടാവും... അതിന്റെ കുഞ്ഞ് മുഖത്തെ ദൈന്യത എന്നെ തകര്‍ത്തു കളഞ്ഞു... ആര്‍ത്തിയോടെ ആ കുഞ്ഞ് ആഹാരത്തിനായി പരതുമ്പോള്‍ പലപ്പോഴും പാഴക്കികളയുന്ന ഭക്ഷണത്തെ കുറിച്ചു ഓര്‍ത്തു എന്റെ കണ്ണുകള്‍ നിറഞ്ഞു... റോഡ് മുറിച്ചു കടന്നു ആ കുഞ്ഞിന്റെ കയ്യിലേക്ക് ഒരു പത്തു രൂപ വച്ചു കൊടുക്കാം എന്ന് കരുതിയപ്പോഴേക്കും എന്റെ വണ്ടി വന്നു... കാറിലേക്ക് കയറും മുന്‍പേ ഞാന്‍ ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കി... അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും എന്തോ കണ്ടെത്തി അതിന്റെ സന്തോഷത്തില്‍ അവന്‍ നടന്നു കഴിഞ്ഞിരുന്നു..
വണ്ടി മുന്നോട്ടു പോകുമ്പോള്‍ വല്ലാത്ത ഒരു മൂകത എന്നെ പൊതിഞ്ഞിരുന്നു... യാത്രകള്‍ , അവ എത്ര ചെറുതായിരുന്നാലും ഞാന്‍ ആസ്വദിക്കാറുണ്ട്... പുറത്തെ കാഴ്ചകളില്‍ പുതിയത് എന്തെങ്കിലും കണ്ടു പിടിക്കാനുള്ള ശ്രമമാവും എപ്പോഴും...അത് എന്നുമുള്ള ഓഫീസ് യാത്ര ആണെങ്കില്‍ കൂടി... പക്ഷെ അന്ന് അതിനുള്ള ഒരു മാനസികാവസ്ഥ ഉണ്ടായിരുന്നില്ല എനിക്ക്.. ആ കുഞ്ഞ് മുഖത്തെ വിശപ്പിന്റെ ദൈന്യത എന്നെ പിന്തുടര്‍ന്ന് കൊണ്ടേയിരുന്നു...
വഴിയിലെവിടെയോ ട്രാഫിക് ബ്ലോക്കില്‍ പെട്ട് വണ്ടി നിന്നപ്പോള്‍ ഞാന്‍ പുറത്തേക്ക് നോക്കി.. ഒരു പെട്ടി കടക്കു സമീപം നിന്നു ബജ്ജി കഴിക്കുന്ന രണ്ടു മൂന്ന് അപ്പൂപ്പന്മാര്‍... ഒരാളോടു പുറകോട്ടു നോക്കാന്‍ പറഞ്ഞിട്ട് അയാളുടെ പാത്രത്തില്‍ നിന്നും ബജ്ജി മറ്റു രണ്ടു പേരും കൂടി അടിച്ച് മാറ്റി... ആദ്യത്തെയാള്‍ നോക്കിയപ്പോഴേക്കും എല്ലാം തീര്‍ന്നു കഴിഞ്ഞിരുന്നു.. അവരുടെ മുഖത്തെ കുസൃതി എന്റെ മുഖത്ത് ചിരിയെ തിരിച്ചു കൊണ്ടുവന്നു... വണ്ടി മുന്നോട്ടു നീങ്ങിയപ്പോഴേക്കും ഞാന്‍ മെല്ലെ ചിരിക്കാന്‍ തുടങ്ങിയിരുന്നു...
ഓഫീസില്‍ എത്തി ഫ്ലോരിലേക്ക് നടക്കുമ്പോള്‍ ഞാന്‍ ഒരാളെ കണ്ടു... അവിടെയുള്ള ഒരു ചെറിയ കുളത്തിനടുത്ത് മുട്ട് കുത്തി ഇരിക്കുകയിരുന്നു അയാള്‍.. എന്ത് ചെയ്യുകയാണ് എന്ന ആകാംക്ഷയോടെ ഞാന്‍ നോക്കിയപ്പോള്‍ കണ്ടത് കുളത്തില്‍ വീണു പോയ ഒരു വണ്ടിനെ ഒരു വടി നീട്ടികൊടുത്തു രക്ഷിക്കുകയായിരുന്നു അയാള്‍.. വളരെ സൂക്ഷ്മതയോടെ അതിനെ എടുത്തു അയാള്‍ കരയില്‍ വച്ചു... എനിക്ക് അയാളോട് പറയണം എന്ന് തോന്നി... "dude, you are amazing..." ഞാന്‍ അയാളുടെ നേര്‍ക്ക് തിരിഞ്ഞു.. അപ്പോഴേക്കും അയാള്‍ നടന്നു കഴിഞ്ഞിരുന്നു... എന്റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു എന്ന് തോന്നി... ഈ പ്രാവിശ്യം പക്ഷെ സന്തോഷം കൊണ്ടായിരുന്നു...
കാന്റീനില്‍ കൂടി നടക്കുമ്പോള്‍ ഞാന്‍ ഒരു കാഴ്ചയും കൂടി കണ്ടു.. ഒരു പിറന്നാള്‍ ആഘോഷം.. പിറന്നാള്‍ കുട്ടിയെ കേക്കില്‍ കുളിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ് കൂട്ടുകാര്‍.. മുടിയിലും കണ്ണിലും കൈയിലും ഒക്കെ കേക്ക് പുരണ്ടു അവള്‍ നിന്ന് ചിരിക്കുന്നു.. ചുറ്റും കൂടി നില്‍ക്കുന്നവര്‍ ഹാപ്പി ബര്ത്ഡേ പാടുമ്പോള്‍ എന്റെ പിറന്നാള്‍ ദിവസം ഓര്‍ക്കുകയിരുനു ഞാന്‍.. ആ ദിവസം എന്നെ എന്റെ കൂട്ടുകാര്‍ രണ്ടു തവണ കേകില്‍ കുളിപ്പിച്ചു..രാത്രി 12 മണിക്ക് ഓഫീസിലും രാവിലെ 5 മണിക്ക് റൂമിലും...
സീറ്റില്‍ ചെന്നിരുന്നപ്പോഴേക്കും എന്റെ മൂഡ് തിരിച്ചു എത്തിയിരുന്നു... ആ കുഞ്ഞു മുഖത്തെ ദൈന്യത അപ്പോഴും എന്റെ ഓര്‍മകളില്‍ നിറഞ്ഞു നിന്നിരുന്നുവെങ്കിലും അതിനു ശേഷം കണ്ട ചില സന്തോഷത്തിന്റെ ചെറിയ നിമിഷങ്ങള്‍ എന്നെ വീണ്ടും ചിരിപ്പിച്ചു... ഒരുപാടു ചിരികളും കുറച്ചു കണ്ണുനീരും തന്നിട്ട് ഒരു യാത്ര കൂടി അങ്ങനെ ഓര്‍മകളിലേക്ക് മടങ്ങി......
2009 മേയ് 6, ബുധനാഴ്‌ച
ജീവിതത്തിന്റെ കയ്യൊപ്പ് .....
ഒറ്റപെടലിന്റെ ഏതോ ഒരു നിമിഷത്തില്‍ "കയ്യൊപ്പ്" വീണ്ടുമൊരിക്കല്‍ കൂടി കാണുകയായിരുന്നു ഞാന്‍.. എത്രാമത്തെ തവണ എന്ന് അറിയില്ല...എവിടെയൊക്കെയോ തറഞ്ഞു കയറുന്ന വേദനകളും അതിനും അപ്പുറത്തെവിടെയോ തോന്നുന്ന നിഗൂഢമായ സന്തോഷവും എത്രയോ നാളുകള്‍ക്കു ശേഷം എന്നെ എഴുതുവാന്‍ പ്രേരിപ്പിച്ചു...
ഒരു സാധാരണക്കാരനായി മാത്രം ജീവിക്കാന്‍ ഇഷ്ടപെടുന്ന ബാലചന്ദ്രന്റെ ജീവിതം വളരെ മനോഹരമായി കാണിച്ചിരിക്കുന്നു സംവിധായകന്‍...അതിലേറെ മനസ് ഉടക്കിയത് പദ്മയുടെ വിവാഹബന്ധം ഇല്ലാതാവുന്നിടതാണ്..... എത്ര എളുപ്പമാണ് ബന്ധങ്ങള്‍ ഇല്ലാതാവുന്നത്...വേര്‍പിരിയലുകള്‍ മരണതുല്യമാണ് എന്ന് തോന്നുന്നു എനിക്ക് ... ഉപേക്ഷിച്ചു പോകുന്നവര്‍ക്ക് ഒരിക്കലും ഉപേക്ഷിക്കപെടുന്നവരുടെ വേദന മനസിലാക്കാന്‍ കഴിയില്ല... പിന്നെ വേര്‍പിരിയലുകള്‍ ഒരു അര്‍ത്ഥത്തില്‍ നല്ലതാണ്... ബന്ധങ്ങള്‍ ബന്ധനങ്ങളാകുന്ന ദുരവസ്ഥ ഒഴിവാക്കാം... ആര്‍ക്കും ശല്യമാകതിരിക്കാന്‍ കഴിയുക എന്നതും ഒരു ഭാഗ്യം തന്നെ ആണ്...അത് നമ്മള്‍ എത്ര സ്നേഹിച്ചവര്‍ ആയിരുന്നാലും ശരി...ചിലപ്പോഴെങ്കിലും വേര്‍പിരിയലുകള്‍ അനിവാര്യമാകുന്നു ജീവിതത്തില്‍....
തീവ്രവാദം എത്രയെത്ര ജീവിതങ്ങളെ മാത്രമല്ല അതിലേറെ സ്വപ്നങ്ങളെ കൂടി ഇല്ലാതാക്കുന്നു... ബാലനെ കാത്തിരിക്കുന്ന കുറെയേറെ മനസുകളുടെ വേദനകള്‍ക്ക് പകരമാവാന്‍ തീവ്രവാദത്തിന്റെ ഒരു കാരണത്തിനും കഴിയില്ല....എത്രയോ വര്‍ഷങ്ങളുടെ നിശബ്ദ പ്രണയത്തിനും ഒരു പാവം പെണ്‍കുട്ടിയുടെ ജീവിക്കാനുള്ള മോഹങ്ങള്‍ക്കും പുസ്തകങ്ങളെ ഒരു പാടു പ്രണയിച്ച ഒരു പ്രസാധകന്റെ ആകംക്ഷക്കും ഒന്നും പകരം നില്ക്കാന്‍ മനുഷ്യ ജീവന് വില മതിക്കാത്ത ചെകുത്തന്മാര്‍ക്കോ അവരുടെ നീചമായ ചിന്തകള്‍ക്കോ കഴിയില്ല...ജീവന്‍ ചില്ല് പത്രംപോലെ ഉടഞ്ഞു ചിതറുമ്പോള്‍ ഒരായിരം പ്രതീക്ഷകളുടെ ഭാരവുമേന്തി വന്ന ആ പാവം എഴുത്തുകാരന്റെ മനസ്സില്‍ എന്തയിരുന്നിരിക്കാം? അയാളോടൊപ്പം ചിതറി ഇല്ലാതായ മറ്റു കുറെ പാവം ജന്മങ്ങളും ചിന്തിച്ചത് എന്തായിരുന്നിരിക്കാം?
ഒരുപാടു നാളുകള്‍ക്ക് ശേഷം മനസ്സില്‍ തൊട്ട ഒരു നല്ല സിനിമ.. മനുഷ്യ ബന്ധങ്ങളുടെ ആഴവും പരപ്പും ഇപ്പോഴും ചിലരുടെയെങ്കിലും മനസില്‍ വറ്റാതെ അവശേഷിക്കുന്ന മനുഷ്യത്വം എന്ന ദൈവീക ഭാവത്തിന്റെ മാസ്മരികതയും നന്നായി വരച്ചു കാണിച്ചിരിക്കുന്നു.. അപൂര്‍ണമായി അവശേഷിപ്പിച്ചിട്ടു പോകുന്ന സ്വപ്‌നങ്ങള്‍ പൂര്‍ത്തികരിക്കാനായി ഇനി ഒരവസരം കൂടി തരുമോ ഈശ്വരന്‍?
2008 ഡിസംബർ 28, ഞായറാഴ്‌ച
പുതുവര്‍ഷത്തിലേക്ക്....

വീണ്ടുമൊരു പുതുവര്‍ഷ പുലരി കൂടി...
സ്വപ്നങ്ങളും പ്രതീക്ഷകളും പേറിക്കൊണ്ടു പ്രതിജഞ്കള് പുതുക്കുവനൊരു ദിവസം കൂടി...ജന്മം വരമായി തന്ന ഈശ്വരനോട് ഹൃദയ പുഷ്പങ്ങളാല്‍ നന്ദി പറഞ്ഞു കൊണ്ടു യാത്ര തുടരാം...
അനന്ത വിഹായസ്സിലേക്ക്....സ്വപ്നങ്ങള്‍ നിറച്ചാര്‍്ത്തണിയുന്ന ചക്രവാളതിനപ്പുറേത്തക്ക്
ജന്മം സഫലീകരിക്കുവാന്‍...
തുണയായി നിന്നവര്‍ക്ക് നന്ദി പറഞ്ഞു കൊണ്ടു..
നഷ്ടസ്വപ്നങ്ങളുടെ ലോകത്ത് നിന്നും വര്‍ണ്ണ ശബളിമയുടെ പ്രകാശത്തിലേക്ക്...
ഒരു ചുവടു കൂടി...
കാലമേ, താങ്ങുക... എന്റെ കാലടികളെ...നന്മയുടെ വഴിയേ നയിക്കുക...
ആരെയും വേദനിപ്പിക്കാതിരിക്കാന്‍..ആരുടെയും കണ്ണീരിനു കാരണമാവതിരിക്കാന്‍ ....വരം തരിക ...
എല്ലാറ്റിനുമൊടുവില്‍, നിന്റെ കൈകളില്‍ ഒതുങ്ങുവാനും..
"ഞാന്‍ ഒരിക്കലേ ഈ ലോകത്തിലേക്ക് വരുന്നുള്ളൂ..
സഹജീവികള്‍ക്ക് ചെയ്യാനുള്ള നന്മ ഞാന്‍
ഇപ്പോള്‍ തന്നെ ചെയ്യട്ടെ..
അത് മാറ്റിവയ്കാനോ വേണ്ടെന്നു
വയ്ക്കാനോ എനിക്ക് കഴിയില്ല..
കാരണം, ഞാനീ വഴി വീണ്ടും വരില്ല..."
എല്ലാവര്‍ക്കും ഐശ്വര്യപൂര്‍ണമായൊരു പുതുവര്‍ഷം ആശംസിക്കുന്നു...
